മലയാളം സിനിമ മാറ്റത്തിന്‍റെ വഴിയില്‍

ജുലൈ അവസാനം വരെ മലയാളത്തില്‍ തനി
മലയാളിയായി (ഡബ്ബിങ്ങ് കൂടാതെ) ഇറങ്ങിയത് 41 സിനിമകള്‍. ഒരു കാലത്ത് നല്ല സിനികളുടെ
ചാകരതീരമായ മലയാള നാട്ടില്‍ തൊണ്ണൂറുകളുടെ അന്ത്യത്തിലും രണ്ടായിരങ്ങളിലും
ഇറങ്ങിയതില്‍ കൂടുതലും തട്ടിക്കൂട്ട് സിനിമകളാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും
നിഷേധിക്കാന്‍ കഴിയില്ല. സൂപ്പറുകളുടെയും സൂപ്പറാണെന്ന് സ്വയം കരുതുന്നവരുടെയും
ഡേറ്റ് കിട്ടിയാല്‍ എല്ലാം ഒ കെ. പിന്നെ തിരക്കഥ തട്ടിക്കൂട്ടണം ഏതെങ്കിലും
ലൊക്കേഷനില്‍ വെച്ച് വിനോദ സഞ്ചാരികളെപ്പോലെ പാറിനടന്ന് ഷൂട്ടിങ്ങ് തീര്‍ക്കണം. പടം
ഓടിയാലെന്ത് ഓടിപ്പോയാലെന്ത്.

ഞങ്ങള്‍ വിലപിച്ചു തമിഴ്നാട് നോക്കൂ
ഹിന്ദിയില്‍ നോക്കൂ എന്നൊക്കെ അവിടെ പുതിയ പുതിയ ആശയങ്ങളും സങ്കല്‍പ്പങ്ങളുമായി ഒരു
പറ്റം സിനിമാപ്രേമികള്‍ നല്ല സിനിമള്‍ നിര്‍മ്മിക്കുമ്പോള്‍ ചില താര
സങ്കല്‍പ്പങ്ങള്‍ തന്നെ നിലം പരിശാവുന്നതും കണ്ടു. എങ്കിലും നാം വിലപിക്കുകയെല്ലാതെ
നമ്മുടെ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും യാഥൊരു മാറ്റങ്ങളും കണ്ടില്ല. എന്നാല്‍ 2010 ഓടെ സ്ഥിതി മാറിവരുന്നു എന്ന് വേണം കരുതാന്‍. പൂര്‍ണ്ണമാറ്റം ഉണ്ടാവുമോ
എന്നറിയില്ല എങ്കിലും ചില കല്‍വിഗ്രങ്ങള്‍ക്ക് കോട്ടം തട്ടി എന്ന് കരുതണം ഇപ്പോള്‍
അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അറിയുമ്പോള്‍.

ഈ കൊല്ലം ആരംഭിച്ചത്
തന്നെ ഹാപ്പിഹസ്ബന്‍റ് എന്ന് സൂപ്പര്‍ ഹിറ്റ് സിനിമയില്‍ നിന്നാണ്

സൂപ്പര്‍ഹിറ്റാവനുള്ള കോപ്പൊന്നും അതിലില്ലെങ്കിലും ഏതെങ്കിലും ഒരു നടന്‍റെ
മാത്രം ഇമേജ് എന്ന സങ്കല്‍പ്പം മാറ്റാന്‍ ആ സിനിമ സഹായിച്ചു എന്നത് ഒരു സത്യമാണ്, പിന്നീട് ഇറങ്ങിയ ദ്രോണ2010 എന്ന സിനിമ ഷാജികൈലാസ് എന്ന സംവിധായകന്‍റെ പതനത്തിന്‍റെ
ആഴം കൂടുതല്‍ മനസ്സിലാക്കി എന്നത് കൂടാതെ എ കെ സാജന്‍ എന്ന കള മലയാള
സിനിമയില്‍നിന്നും പറിച്ചുമാറ്റിയില്ലെങ്കില്‍ മലയാള സിനിമയെ നശിപ്പിക്കാന്‍
ഇത്തരത്തിലുള്ള ഒന്നോ രണ്ടൊ പേര്‍ ധാരാളംമതി എന്നത് ഓര്‍മ്മിപ്പിക്കുക കൂടി
ചെയ്യുന്നു.

ദിലീപിന്‍റെ കഷ്ടകാലം പൂര്‍ണ്ണമായും മാറിയില്ല എന്നാണ് 2010 ആദ്യപകുതിയില്‍ തോന്നുന്നത്. ബോഡിഗാര്‍ഡ്, ആഗതന്‍ എന്നിവയ്ക്ക് ലഭിച്ച
തണുത്തപ്രതികരണം നിരാശാജനകമാണ്. വളരെ രസകരമായ ടിസ്റ്റ് ഉണ്ടായിട്ടും ബോഡിഗാര്‍ഡ്
നിലാവാരമില്ലാത്ത തമാശരംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അകറ്റി, പാപ്പിഅപ്പച്ചാ എന്ന
ഉഡായിപ്പ് വിജയിച്ചു എന്നത് ഈ കൊല്ലത്തെ മറ്റൊരല്‍ഭുതവും.


ജനകന്‍ എന്ന
സിനിമയില്‍ സുരേഷ്ഗോപി തന്‍റെ ":ഭീകരമായ ഭാവാഭിനയം" കൊണ്ട് ആ സിനിമയെ
നിലംതൊടീക്കാതെ പറത്തി പ്രേക്ഷര്‍ , അദ്ദേഹത്തിന്‍റേതായി പിന്നീട് വന്ന
റിങ്ങ്ടോണും, കടാക്ഷവും ഈ പണിക്ക് തന്നെ കൊള്ളില്ല എന്ന് വീണ്ടും വീണ്ടും
തെളിയിച്ചു.

ഇന്‍ ഗോസ്റ്റ് ഹൌസ് എന്ന സിനിമയില്‍ ലാല്‍ എന്ന
ബിസിനസ്സ്കാ‍രനാണ് ആണ് ലാല്‍ എന്ന സംവിധായകനേക്കള്‍ വിജയിച്ചത്, കൂടാതെ ടു ഹരിഹര്‍
നഗറില്‍ ജഗദീഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രേക്ഷകരെ എത്രത്തോളം രസിപ്പിച്ചു അത്രത്തോളമോ
അതിനിരട്ടിയോ തന്നെ ഗോസ്റ്റ്ഹൌസില്‍ അവരെ പ്രേക്ഷകര്‍
വെറുത്തു.

മമ്മൂട്ടിയും പ്രിഥ്വിരാജും ഒന്നിച്ച പോക്കിരിരാജ 15 സ്റ്റണ്ട് 30 ഡയലോഗ് 5 പാട്ട് എന്ന പഴയ തമിഴ് ഡപ്പാംകുത്ത് കോപ്പിയടിച്ചപ്പോള്‍ സൂപ്പര്‍ഹിറ്റ്
എന്ന അനര്‍ഹ പദവി ലഭിച്ചത് മറ്റൊരു വിരോധാഭാസം ടൊമിച്ചന്‍ മുളകുപാടത്തിന്‍റെ
ഭാഗ്യവും, മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി എന്ന കരുത്തറ്റ കഥാപാത്രത്തെ
അവതരിപ്പിച്ച നടന്‍റെ ഇത്തരം പേക്കൂത്തുകളും നാം സഹിക്കേണ്ടി
വന്നു.

മോഹന്‍ലാലിന്‍റേതായി ഈ വര്‍ഷം ഇറങ്ങിയത് ജനകന്‍, അലക്സാണ്ടര്‍ ദി
ഗ്രേറ്റ്, ഒരുനാള്‍ വരും എന്നിവയാണ്, ആദ്യത്തെ രണ്ടിനെപ്പറ്റി പറയാത്തതണ് നല്ലത്
എന്നാല്‍ ഒരുപാട് പ്രതീക്ഷയോടെ പുലിവരുന്നേ പുലിവരുന്നേ എന്ന് പറഞ്ഞു ഒടുവില്‍
വന്നത് എലി എന്നതുപോലെയായി ഒരുനാള്‍ വരും എന്ന സിനിമയുടെ അവസ്ഥ, എന്തിനീ
കാട്ടിക്കൂട്ടലിനു ശ്രീനിവാസനും ലാലും നിന്നുകൊടുത്തു എന്നത് മനസ്സിലാവുന്നില്ല, ലൂസ്മോഷനായ രോഗി ഡോക്ടറുടെ അടുത്ത് പോവുന്ന മട്ടിലുള്ള മുഖഭാവത്തി‍ല്‍
സമീരരെഡ്ഡിയും കൂട്ടിനുള്ളത് ആ സിനിമയുടെ ഗതി അതോഗതിയാക്കുന്നതില്‍ നല്ല സഹായം
നല്‍കി. ഒരു കാലത്ത് നാച്ച്യറലായ അഭിനയം കൊണ്ടും തത്വസിദ്ധമായ തമാശകൊണ്ടും മലയാളിയെ
രസിപ്പിച്ച ലാലേട്ടന്‍ ഇപ്പോള്‍ നെറ്റി ചുളിക്കലാണ് നാച്യുറലായ അഭിനയം എന്ന്
ധരിച്ചിരിക്കുന്നെന്ന് തോന്നുന്നു. ദയവ് ചെയ്ത് ലാലേട്ടന്‍ കൊല്ലത്തില്‍ ഭ്രമരം
പോലെന്ന് ചെയ്താല്‍ മതി നിങ്ങളെ പ്രേക്ഷകര്‍ നെഞ്ചിലേറ്റാന്‍.


എങ്കിലും ഈ
വര്‍ഷം വളരെ നല്ല മാറ്റം കണ്ടു തുടങ്ങിയത് ടി ഡി ദാസന്‍ സ്റ്റാന്ഡാര്‍ഡ് ബി എന്ന
സിനിമയില്‍ നിന്നാണ്, ആ സിനിമ ഒരു വാണിജ്യ വിജയമായില്ലെങ്കിലും നല്ല സിനിമ
മരിച്ചിട്ടില്ല എന്ന് അത് പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചു. പുതിയ വിപ്ലവം
ഏറ്റുപിടിച്ചത് പഴയ വിപ്ലവകാരിയുടെ മകന്‍ വിനീത് ശ്രീനിവാസനാണ് എന്നത് സന്തോഷം
നല്‍കുന്നു മലര്‍വാടി ഒരു നല്ല തുടക്കമാണെങ്കിലും സൂപ്പറുകളുടെയും പണത്തിന്‍റെയും
പിന്നാലെ നടക്കുന്നതില്‍ തന്‍റെ പൂര്‍വികരെ അനുകരിച്ചാല്‍ വിപരീത ഫലം
മാത്രമായിരിക്കും അല്ലെങ്കില്‍ തന്‍റെ കൈയൊപ്പ് പതിഞ്ഞ ഒരു പിടി നല്ല ചിത്രങ്ങള്‍
മലയാളത്തിനു ലഭിക്കും എന്നത് ഉറപ്പാണ്.


നാലുകെട്ടിന്‍റെയും
അന്തപ്പുരത്തിന്‍റെയും ഇരുളിന്‍റെ വാതില്‍ തുറന്ന് സിബിമലയില്‍ എന്ന
ക്രാഫ്റ്റ്മാന്‍ പുറത്ത് കടക്കുന്നതാണ് അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ നാം കണ്ടത്, സത്യന്‍ അന്തിക്കാട് എന്ന സൂപ്പര്‍ സംവിധായകനൊക്കെ ഇപ്പോഴും പാടവരമ്പത്തും പഴയ
കള്ളുഷാപ്പിന്‍റെയും റേഷന്‍ ‍കടയുടേയും മുമ്പില്‍ കൂടി സൈക്കിള്‍ ചവിട്ടി പോവുന്നത്
തുടരുന്ന സാഹചര്യത്തില്‍ സിബി എന്ന സംവിധായകന്‍ കാണിച്ച ധൈര്യം അത്
അഭിനന്ദിക്കേണ്ടതാണ്. നട്ടുച്ചക്ക് പോലും പീഡനം നടക്കുന്ന നമ്മുടെ നാട്ടില്‍
സുന്ദരിയായ ഒരു സ്ത്രീ അതും പാതിരാത്രി റെയില്‍വെ സ്റ്റേഷനില്‍ ‍കിടന്നുറങ്ങുക ഒരു
കഴുകന്‍ പോലും ആ പെണ്ണിനെ കൊത്താതിരിക്കുക അത്രയും നല്ല റെയില്‍വെ സ്റ്റേഷനും
നാട്ടുകാരും അന്തിക്കാട് ഉണ്ടൊ എന്ന് അറിയില്ല ഈ കഥ തുടര്‍ന്നാല്‍ സത്യന്‍
അന്തിക്കാട് ഉടന്‍ തന്നെ ഐ വി ശശിയാവും.

ഏതായാലും വിപ്ലവം തുടങ്ങിക്കഴിഞ്ഞു
എന്നത് യാഥാര്‍ത്ഥ്യം ഇനിയുള്ള കാലം യുവതയുടേതാണ് അതിന്‍റെ തെളിവാണ് മലര്‍വാടി, അപൂര്‍വ്വരാഗം, മമ്മി & മി തുടങ്ങിയവക്ക് കിട്ടിയ നല്ല പ്രേക്ഷക പ്രതികരണം, ഇനി
വരാനുള്ള വി എം വിനുവിന്‍റെ പെണ്‍പട്ടണം, ലാല്‍ജോസിന്‍റെ എല്‍സമ്മ എന്ന ആണ്‍കുട്ടി, ശ്യാമപ്രസാദിന്‍റെ എലക്ട്രാ തുടങ്ങി ഒരു പിടി നല്ല പരീക്ഷണങ്ങള്‍ അണിയറയില്‍
ഒരുങ്ങുമ്പോള്‍ സൂപ്പര്‍ വിഗ്രഹങ്ങള്‍ തകര്‍ത്ത് മലയാള സിനിമ പുതിയ വിപ്ലവം
തുടരട്ടെ എന്ന് ആശംസിക്കാം

 
 

കടപ്പാട് ..മലയാളം ന്യൂസ്‌

 
 



 

No comments:

Post a Comment