ആന്‍ഡ്രോയിഡില്‍ അപകടക്കെണി; മീഡിയ പ്ലെയറിന്റെ രൂപത്തില്‍
നിങ്ങളുടെ ഫോണ്‍ നിങ്ങളറിയാതെ ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കുന്ന കാര്യം ചിന്തിച്ചു നോക്കൂ. അതുവഴി ഫോണ്‍ബില്ലില്‍ നിന്ന് മറ്റൊരു കൂട്ടര്‍ കാശുണ്ടാക്കുന്നും എന്നു വന്നാലോ. മീഡിയ പ്ലെയറിന്റെ രൂപത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ കടന്നു കൂടുന്ന ഒരു വൈറസ് പ്രോഗ്രം ഇത്തരത്തില്‍ അപകടക്കെണി ഒരുക്കുന്നതായി റിപ്പോര്‍ട്ട്.
ഹൈടെക് മോഷ്ടാക്കളുടെ ലക്ഷ്യമായി മൊബൈല്‍ ഫോണുകള്‍ മാറുന്നതിന് ഉദാഹരമാണിത്. ലോകത്ത് വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്രോഗ്രാം. ആ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെ ലക്ഷ്യംവെക്കുന്ന ഇത്തരമൊരു അപകടക്കെണി ആദ്യമായാണ് തിരിച്ചറിയപ്പെടുന്നത്.
സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാസ്‌പെര്‍സ്‌കി ലാബ്‌സ് ആണ്, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഈ കെണിയില്‍ കുടുങ്ങുന്നതായി കണ്ടെത്തിയത്. Trojan-SMS.AndroidOS.FakePlayer.a-എന്ന വൈറസാണ് ഭീഷണി സൃഷ്ടിക്കുന്നത്.
ടെക്സ്റ്റ് മെസേജുകളുടെ രൂപത്തിലാണ് ഈ വൈറസ് പ്രചരിക്കുന്നത്. 13KB വലിപ്പമുള്ള ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അതൊരു മീഡിയ പ്ലെയറാണെന്നും സന്ദേശം ആവശ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുടുങ്ങി. മീഡിയപ്ലെയറിന്റെ രൂപത്തില്‍ കടന്നുകൂടിയ വൈറസ്, ഫോണില്‍നിന്ന് സ്വയം ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാന്‍ ആരംഭിക്കും. ആ സന്ദേശങ്ങളുടെ പേരില്‍ ഫോണിന്റെ ഉടമയ്ക്ക് കാശും പോകും.
റഷ്യയിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ വൈറസ് കൂടുതല്‍ ഭീഷണി സൃഷ്ടിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ ഇതത്ര ഭീഷണിയായിട്ടില്ല. എന്നാല്‍, വേഗം ജനപ്രീതിയാര്‍ജിച്ചു വരുന്ന ആന്‍ഡ്രോയിഡ് പോലുള്ള പ്ലാറ്റ്‌ഫോമുകളെ കമ്പ്യൂട്ടര്‍ ക്രിമിനലുകള്‍ ലക്ഷ്യം വെയ്ക്കാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആന്‍ഡ്രോയിഡില്‍ ഇത്തരം കെണി പുതുമയാണെങ്കിലും, സിമ്പിയാന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഇത്തരം ഭീഷണി മുമ്പുതന്നെ വളരെ കൂടുതലാണെന്ന്, മൊബൈല്‍ സുരക്ഷാ കമ്പനിയായ 'അഡാപ്ടീവ്‌മൊബൈലി'ലെ സിമിയോന്‍ കോനീ ചൂണ്ടിക്കാട്ടുന്നു. നോക്കിയ, സോണി എറിക്‌സണ്‍ മുതലായ കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളിലാണ് സിമ്പിയാന്‍ ഓപ്പറേറ്റിങ് സിസ്റ്റം കൂടുതലായി ഉപയോഗിക്കുന്നത്.
മറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളുടെ കാര്യത്തിലെന്നപോലെ, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിളിന്റെ ഒരു വക്താവ് അറിയിച്ചു.
ഓരോ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് യൂസറുടെ അനുവാദം വ്യക്തമായി ചോദിക്കാറുണ്ട്. അനുവാദം നല്‍കിയാല്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടൂ. അതിനാല്‍, വിശ്വസനീയമായ ആപ്ലിക്കേഷനുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാവൂ എന്നാണ് വക്താവ് നല്‍കുന്ന ഉപദേശം. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിന് പുറത്തു നിന്നുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
No comments:
Post a Comment